പത്തനംതിട്ട: ഓക്‌സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയിലാണ് വെൻപാല സ്വദേശി രാജനെ ശ്വാസമുട്ടലിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും. ആംബുലൻസിൽ വച്ച് രാജൻ മരിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ പുളിക്കിഴ് പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് സംസ്കരിക്കും.