കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം: ഭീകരന്‍ ആദില്‍ വാനിയുടെ വീട് കണ്ടുകെട്ടി; പിതാവും മൂന്ന് സഹോദരന്മാരും അറസ്റ്റില്‍

കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം: ഭീകരന്‍ ആദില്‍ വാനിയുടെ വീട് കണ്ടുകെട്ടി; പിതാവും മൂന്ന് സഹോദരന്മാരും അറസ്റ്റില്‍

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസില്‍ ആക്രമണം നടത്തിയ ഭീകരന്‍ ആദില്‍ വാനിയുടെ വീട് പൊലീസ് കണ്ടുകെട്ടി. ഒപ്പം കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്തു.

ആദില്‍ വാനി ഭീകരനാണെന്നറിഞ്ഞിട്ടും താമസ സൗകര്യം ഏര്‍പ്പെടുത്തിയതിനാണ് വീട്ടുകാരെ അറസ്റ്റ് ചെയ്തത്. പിതാവും മൂന്ന് സഹോദരന്മാരുമാണ് അറസ്റ്റിലായത്.

നിരോധിത സംഘടനയായ അല്‍-ബാദറിന്റെ സജീവ പ്രവര്‍ത്തകനാണ് ആദില്‍. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.

ബുധനാഴ്ചയായിരുന്നു കശ്മീരി പണ്ഡിറ്റുകളായ സഹോദരന്മാരെ ഭീകരന്‍ ആദില്‍ വാനി വെടിവെച്ചത്. ആപ്പിള്‍ തോട്ടത്തില്‍ വെച്ചായിരുന്നു ആക്രമണം. 45 കാരനായ സുനില്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ പിന്റു കുമാര്‍ നിലവില്‍ ആശുപത്രിയിലാണ്.

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കിയാല്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജമ്മുകാശ്മീര്‍ പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള വസതികള്‍ കണ്ടുകെട്ടുമെന്നും അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.