ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂചലനം. പുലര്‍ച്ചെ 1.12 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടു. ലക്നൗവില്‍ നിന്ന് 139 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. ഉപരിതലത്തില്‍ നിന്ന് 82 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂചലനം രൂപപ്പെട്ടത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഖിംപുര്‍ ഖേരിയിലും ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും ചില ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ സനോശ്രീ തരാതലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു.
പാക്കിസ്ഥാനിലെ ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂമി കുലുങ്ങി. 2020 ല്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്നിന് മുകളില്‍ രേഖപ്പെടുത്തിയ 965 ഭൂചലനങ്ങളാണ് ഡല്‍ഹിയില്‍ മാത്രമുണ്ടായതെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
ഡെറാഡൂണ്‍ ആസ്ഥാനമായ 'വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി' സര്‍വേ പ്രകാരം ഭൂഗര്‍ഭ ഫലകങ്ങള്‍ക്കുണ്ടാകുന്ന പ്രകമ്പനങ്ങളാണ് ഭൂചലനത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.