ന്യൂഡല്‍ഹി: ലഹരി ഉപയോഗിച്ച് ജോലിക്കെത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളറെ (എ.ടി.സി) ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എ.ടി.സി ജീവനക്കാരനെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) മാറ്റിയത്. ഓഗസ്റ്റ് 18നാണ് സംഭവം നടന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിച്ചുള്ള പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ വിമാനത്തിലെ ഉദ്യോഗസ്ഥരേയും എ.ടി.സി ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എ.ടി.സി ഉദ്യോഗസ്ഥന്‍ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. നിയമം നടപ്പിലാക്കിയതിന് ശേഷം വിവിധ വിമാനങ്ങളിലെ മൂന്ന് പൈലറ്റുമാര്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ എ.ടി.സിയില്‍ ഇത് ആദ്യമാണ്.
ടെസ്റ്റില്‍ പോസിറ്റീവ് ആകുന്ന വ്യക്തി വീണ്ടും ഒരുതവണ കൂടി ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ അയാളുടെ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. മൂന്നാമതും പിടിക്കപ്പെടുകയാണെങ്കില്‍ റദ്ദാക്കും.