ശ്രീനഗര്‍: രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. ഉറിക്ക് സമീപം കമാല്‍കോട്ട് സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയത്. ഭീകരരുടെ കൈയ്യില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയെന്നാണ് വിവരം. നിലവില്‍ സൈന്യം പ്രദേശം ശക്തമായ പരിശോധന തുടരുകയാണ്.
കൊല്ലപ്പെട്ട ഭീകരര്‍ ഏത് ഭീകരസംഘടനയിലേതാണ് എന്നതടക്കമുള്ള വിവരങ്ങള്‍ സുരക്ഷാ സേന പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകര്‍ത്തിരുന്നു. രണ്ട് പാകിസ്ഥാന്‍ ഭീകരരേയും സൈന്യം വധിച്ചിരുന്നു.
പാക് അധിനിവേശ കാശ്മീര്‍ സ്വദേശി തബാറക് ഹുസൈന്‍ (32) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഇയാള്‍ ആറ് വര്‍ഷം മുന്‍പും നുഴഞ്ഞു കയറിയിരുന്നു.