ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കര്‍ണാടകയിലെ മഠാധിപതി അറസ്റ്റില്‍. മുരുഗ മഠാധിപതി ശിവമൂര്‍ത്തി ശരനരുവാണ് അറസ്റ്റിലായത്. മഠത്തിന് കീഴിലുള്ള ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശരനരുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ശരനരുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് അറസ്റ്റ്.
അറസ്റ്റു ചെയ്ത ശരനരുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചിത്രദുർഗ ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. ഹോസ്റ്റലിന്റെ വാര്‍ഡനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത അതായത് 15 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളെ 2019 ജനുവരി മുതല്‍ 2022 ജൂണ്‍ വരെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.