ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വസതിയില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച കേസിലാണ് എന്‍ഐഎ തിരച്ചില്‍ നടത്തിയത്.
ബിഹാര്‍, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബിഹാറിലെ നളന്ദ, കതിഹാര്‍, അരാരിയ, മധുബനി, പട്‌ന, വൈശാലി, ദര്‍ഭംഗ, മുസാഫര്‍പൂര്‍, സരണ്‍ എന്നിവ ഉള്‍പ്പടെ ഒന്‍പത് ജില്ലകളിലെ പ്രതികളും സംശയിക്കപ്പെടുന്നവരുമായി ബന്ധമുള്ള 20 സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചില്‍ നടത്തിയത്.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലും കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ സുള്ള്യ, ബെല്ലാരെ, പുത്തൂര്‍, ഉപ്പിനങ്ങാടി, വിട്‌ല തുടങ്ങി 30 സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ദക്ഷിണ കന്നട ജില്ലയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവായ റിയാസ് ഫറങ്കിപ്പേട്ടയുടെ വസതിയില്‍ റെയ്ഡ് നടത്തവേ എസ്ഡിപിഐ പ്രവര്‍ത്തകര്‍ 'ഗോ ബാക്ക് എന്‍ഐഎ' മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു.