ഗുജറാത്ത്: വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലേക്ക് തപാൽ വഴി അയച്ച ധീരതയ്ക്കുള്ള പുരസ്‌കാരം നിരസിച്ച് കുടുംബം. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ധീരതയ്ക്കുള്ള പുരസ്കാരമായ ‘ശൗര്യചക്ര’ ഈ രീതിയിൽ സ്വീകരിക്കാൻ കഴിയില്ലെന്ന് കുടുംബം അറിയിച്ചു.
അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ച മകൻ ലാൻസ് നായിക് ഗോപാൽ സിംഗ് ബദൗരിയയ്ക്ക് ഇത് അപമാനമാണെന്ന് പിതാവ് മുനിം സിംഗ് പറഞ്ഞു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ജനുവരി 26 നോ ഓഗസ്റ്റ് 15 നോ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ഇത്തരം മെഡലുകൾ എപ്പോഴും സമ്മാനിക്കാറുള്ളതെന്ന് മുനിം സിംഗ് പറഞ്ഞു. രാഷ്ട്രപതി ഇല്ലെങ്കിൽ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മെഡൽ കുടുംബത്തിന് നൽകുന്നത്. പക്ഷേ അത് ഒരിക്കലും തപാൽ വഴി അയയ്ക്കരുതന്നും മുനിം സിംഗ് അഭിപ്രായപ്പെട്ടു.
സൈന്യത്തിന് തപാൽ വഴി മെഡലുകൾ അയക്കാൻ കഴിയില്ലെന്നും പിതാവ് പറഞ്ഞു. “ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ഒരു രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കുന്നത് കൂടിയാണ്. അതിനാൽ ഞാൻ മെഡൽ അടങ്ങിയ പാഴ്സൽ സ്വീകരിക്കാതെ തിരികെ നൽകി”. അദ്ദേഹം വ്യക്തമാക്കി.
2018 ലാണ് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’ ലാൻസ് നായിക് ഗോപാൽ സിംഗിന് ലഭിക്കുന്നത്. അശോക ചക്രയ്ക്കും കീർത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ അതിക്രമിച്ച് കയറിയ തീവ്രവാദികളെ തുരത്താൻ ചുമതലപ്പെടുത്തിയ എൻഎസ്ജി കമാൻഡോ ഗ്രൂപ്പിൽ അംഗമായിരുന്ന അദ്ദേഹത്തിന് നേരത്തെ “വിശിഷ്ട സേവാ മെഡൽ” ലഭിച്ചിരുന്നു.