ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷര്‍ട്ടിന്റെ വില 41,257 രൂപയെന്ന് ബിജെപി. 'ഭാരത് ദേഘോ' എന്ന തലക്കെട്ടോടെയാണ് 41,000 രൂപ വില വരുന്ന ടീഷര്‍ട്ടിന്റ ചിത്രം ബിജെപി ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ആരോപണം. അതേസമയം ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തു വന്നു. എന്താണ് ബിജെപിക്ക് ഇത്ര ഭയമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. രാഹുലിന്റെ യാത്രയിലെ ജനപങ്കാളിത്തം കണ്ടാണോ ബിജെപി ഭയപ്പെടുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നോട്ടു വെക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടി പറയാതെ അനാവശ്യ വിവാദങ്ങള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. വസ്ത്രത്തിന്റെ വിലയാണ് ബിജെപിക്ക് ചര്‍ച്ച ചെയ്യേണ്ടതെങ്കില്‍ മോഡിയുടെ പത്ത് ലക്ഷത്തിന്റെ കോട്ടും ഒന്നര ലക്ഷത്തിന്റെ കണ്ണടയും ചര്‍ച്ചചെയ്യാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.