ബസ് അഴിമതി ആരോപണം; ഡല്‍ഹി സര്‍ക്കാരിനെതിരേ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണറുടെ ശുപാര്‍ശ

ബസ് അഴിമതി ആരോപണം; ഡല്‍ഹി സര്‍ക്കാരിനെതിരേ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണറുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും സിബിഐ അന്വേഷണം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ശുപാര്‍ശ ചെയ്തു.

മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഎപി സര്‍ക്കാരിനേതിരായ മറ്റൊരു കേസുകൂടി സിബിഐയുടെ അന്വേഷണ പരിധിയില്‍ വരുന്നത്.

2019ല്‍ ബസുകള്‍ വാങ്ങിയതിലും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായുള്ള 2020ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുന്‍പാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രാഥമികമായ പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടാനും ലഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചില ക്രമക്കേടുകള്‍ പദ്ധതി നടത്തിപ്പിലുണ്ടായി എന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ കേസിലെ അന്വേഷണം സിബിഐയ്ക്ക് ശുപാര്‍ശ ചെയ്തത്.

ബസുകള്‍ ടെന്‍ഡര്‍ നല്‍കുന്നതിനും വാങ്ങുന്നതിനും ആയുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ഗതാഗത മന്ത്രിയെ നിയമിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപം പരാതിയിലുണ്ട്. നേരത്തേ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് മദ്യനയക്കേസില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്.

അതേസമയം ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലഫ് ഗവര്‍ണറെന്നും ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും എഎപി ആരോപിച്ചു. എഎപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.