കന്യാകുമാരി: മികച്ച പ്രതികരണമാണ് ഇതിനകം വിവിധ പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നാണ് യാത്രയ്ക്ക് രാഹുല്‍ തുടക്കമിട്ടത്.
യാത്രയുടെ മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു. അതിന്റെ ചിത്രമാണ് ഇന്ന് ട്വിറ്ററിലെ താരം. ഇതിലെന്താണ് പ്രത്യേകതയെന്ന് അതിശയിക്കാൻ വരട്ടെ. സംഭവം വിവരിച്ചുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ചിത്രത്തിന് നൽകിയ ക്യാപ്ഷനാണ് ചിത്രത്തെ വൈറലാക്കിയത്.
'രാഹുൽ ഗാന്ധിയോട് വിവാഹത്തെ കുറിച്ചാണ് സ്ത്രീകൾ ചോദിച്ചത്. തമിഴ്നാട് രാഹുൽ ഗാന്ധിക്ക് ഇഷ്ടമാണെന്ന് അറിയാമെന്നും അതുകൊണ്ട് തന്നെ നല്ല തമിഴ് പെണ്ണിനെ കണ്ടെത്തി വിവാഹം കഴിപ്പിക്കാമെന്നും രാഹുൽ ഗാന്ധിയോട് സ്ത്രീകൾ പറഞ്ഞു. ചിരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ചോദ്യം നേരിട്ടത്'.
അതേസമയം ഇന്ന് കേരളത്തിലേക്ക് പ്രവേശിച്ച യാത്രയെ അതിരറ്റ ആവേശത്തോടെയാണ് നേതാക്കളും പ്രവർത്തകരും വരവേറ്റത്. പാറശാലയിൽ ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രാഹുൽ കേരളത്തിലെ പര്യടനം ആരംഭിച്ചത്. ഗാന്ധിജി താമസിച്ച നെയ്യാറ്റിൻകര ഊരാട്ടുകാലിലെ മാധവി മന്ദിരത്തിലായിരുന്നു രാഹുലിന്റെ വിശ്രമം.