ഹൈദരാബാദ്: ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ മാരകമായ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഷെയ്ക് ജമാൽ സാഹിബാണ് (48)കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ മകളോടൊപ്പം താമസിക്കുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിൽ ആന്ധ്രപ്രദേശിലെ ജഗ്ഗയ്യപേട്ട് ഗാന്രായ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഷെയ്ക് ജമാൽ. വല്ലഭി ഗ്രാമത്തില്‍ എത്തിയപ്പോള്‍ അപരിചിതരായ രണ്ട് പേർ ബൈക്ക് തടഞ്ഞു. തങ്ങളുടെ വാഹനത്തിലെ പെട്രോൾ തീർന്നെന്നും വാങ്ങാനായി തങ്ങളിൽ ഒരാൾക്ക് ലിഫ്റ്റ് നൽകണമെന്നും അഭ്യർത്ഥിച്ചു. കുറച്ച് ദൂരം യാത്ര ചെയ്ത ശേഷം അപരിചിതന്‍ ജമാലിന്റെ തുടയില്‍ സിറിഞ്ച് കൊണ്ട് വിഷം കുത്തിവെക്കുകയായിരുന്നു.
തുടയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ജമാല്‍ ഇതിനിടെ ബൈക്ക് നിര്‍ത്തി. ഇതോടെ അപരിചിതന്‍ ബൈക്കില്‍ നിന്ന് ഇറങ്ങി ഇതേ വഴിക്ക് വരുന്ന സുഹൃത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു എന്ന് തെലങ്കാന പോലീസ് പറയുന്നു.
ബൈക്ക് യാത്രികന്‍ ബൈക്ക് നിര്‍ത്തി ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംഭവം വിവരിക്കുകയും വിഷം ദേഹത്ത് കയറിയതോടെ ബോധരഹിതനായി വീഴുകയും ചെയ്തു. ഇരയുടെ മരുമകന്റെ പരാതിയിൽ ഖമ്മം റൂറൽ സിഐ ശ്രീനിവാസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സ്ഥലത്ത് നടത്തിയ തിരച്ചിലിൽ സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.