മൊഹാലി: ചണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുളള കുളിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പെൺകുട്ടിയുടെ ആണ്‍ സുഹൃത്തിനേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ 23 വയസ്സുകാരനായ ആണ്‍ സുഹൃത്തും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായത്.
പെൺകുട്ടി രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ ഷിംലയിലുള്ള ഈ ആണ്‍ സുഹൃത്തിനു അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളും കൂട്ടാളിയും ചേർന്ന് ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തെന്നാണ് ആരോപണം. ഇവര്‍ക്ക് അശ്ലീല വെബ്‌സൈറ്റുകളുമായി ബന്ധം ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയതെന്നാണ് ആരോപണം. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഒരു വീഡിയോ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. മുഖം വ്യക്തമല്ലാത്തതിനാൽ അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീഡിയോ അല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
മൊബൈലില്‍ നിന്നു ചില വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകള്‍ ചണ്ഡിഗഡിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാനാണ് പോലീസിന്റെ തീരുമാനം.
അതേസമയം ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ രഹസ്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെണ്‍കുട്ടി മറ്റുളളവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു പ്രതികളെയും തിങ്കളാഴ്ച ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.