കൊച്ചി: പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇരട്ടപ്പദവി പ്രശ്‌നമല്ല. രാഹുല്‍ പ്രസിഡന്റാകണമെന്നാണ് തന്റെയും താല്‍പര്യമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുല്‍ ഗാന്ധിയെ കണ്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തിളക്കം കിട്ടും.
പാര്‍ട്ടിയും ഹൈക്കമാന്‍ഡും തനിക്ക് എല്ലാ പിന്തുണയും നല്‍കി. എന്ത് ഉത്തരവാദിത്തം തന്നാലും അത് നിറവേറ്റും. നിലവില്‍ മുഖ്യമന്ത്രിയായുള്ള തന്റെ ചുമതല നിറവേറ്റുകയാണ്. അത് തുടരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോമിനേഷന്‍ നല്‍കുമെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.
രാജ്യത്താകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവും ഒരുമിച്ചു വഹിക്കാന്‍ സാധിക്കില്ല എന്നാണ് എഐസിസി തീരുമാനം. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് നോമിനേറ്റ് ചെയ്യുന്നതാണെങ്കില്‍ മാത്രമേ മുഖ്യമന്ത്രി പദവി ഒഴിയേണ്ടതുള്ളു.
തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 9,000 പിസിസി അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടതില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.