മുംബൈ: റിപ്പോ നിരക്കുകൾ 50 ബേസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 5.9% ആയി. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറച്ചതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.65 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്)നിരക്ക് 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായും പരിഷ്‌കരിച്ചു.
എല്ലാ ഫ്‌ളോട്ടിംഗ് റേറ്റ് റീടെയിൽ ലോണുകളും റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കിൽ വരുന്ന മാറ്റം ഹോം ലോൺ, കാർ ലോൺ എന്നിവയിലും പ്രതിഫലിക്കും. റിപ്പോ നിരക്ക് കൂടുന്നതോടെ ഉപഭോക്താവ് അടയ്‌ക്കേണ്ടി വരുന്ന ഇഎംഐയും വർധിക്കും.
ആറംഗ മോണിറ്ററി പോളിസി സമിതിയില്‍ അഞ്ചുപേരും നിരക്ക് വര്‍ധനവിനെ അനുകൂലിച്ചതായി ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉള്‍ക്കൊള്ളാവുന്നത് (അക്കൊമൊഡേറ്റീവ്) നയം തുടരാനും യോഗത്തില്‍ ധാരണയായി.
യുഎസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും തുടര്‍ച്ചയായി നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.