ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. നിലവില്‍ കര്‍ണാടകയിലാണ് രാഹുലിന്റെ യാത്ര നടക്കുന്നത്. വ്യാഴാഴ്ച സോണിയ ഗാന്ധി യാത്രക്കൊപ്പം ചേരുമെന്നാണ് സൂചന. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുത്തേക്കും.
മാണ്ഡ്യയില്‍ വച്ചായിരിക്കും സോണിയ ഗാന്ധി യാത്രയില്‍ ചേരുക. സോണിയ നാളെ കര്‍ണാടകയില്‍ എത്തും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്.
21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കര്‍ണാടകയിലൂടെ കടന്നു പോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.