സാമുദായിക ഐക്യം തകര്‍ക്കാന്‍ കൊലപാതകങ്ങള്‍; പാക് ചാര സംഘടനയുടെ പിന്തുണയുള്ള ഭീകരര്‍ പിടിയില്‍

സാമുദായിക ഐക്യം തകര്‍ക്കാന്‍ കൊലപാതകങ്ങള്‍; പാക് ചാര സംഘടനയുടെ പിന്തുണയുള്ള ഭീകരര്‍ പിടിയില്‍

ചണ്ഡീഗഢ്: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങള്‍ പൊലീസ് പിടികൂടിയില്‍. പഞ്ചാബിലെ രൂപ്നഗര്‍ പൊലീസാണ് രാജ്യത്ത് നടത്താനിരുന്ന ഭീകരാക്രമണ ശ്രമം തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഐപിസി 153 എ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് ഭീകരര്‍ ആക്രമണത്തിന് പദ്ധതി ഇട്ടതെന്ന് പൊലീസ് അറിയിച്ചു.
മോഗയിലെ ചന്ദ് നവ ഗ്രാമത്തില്‍ നിന്നുള്ള വീജ സിങ് എന്ന ഗഗന്‍, ഗഞ്ചി ഗുലാബ് സിങ് വാല ഗ്രാമത്തിലെ രഞ്ജോദ് സിങ് എന്ന ജ്യോതി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഫിറോസ്പൂര്‍ പൊലീസ് ഇവരുടെ മേഖലയില്‍ നിന്ന് ഒരു എകെ 47 തോക്ക്, രണ്ട് മാഗസിനുകള്‍, 60 ലൈവ് കാട്രിഡ്ജുകള്‍ എന്നിവ കണ്ടെടുത്തിരുന്നു.

ഡ്രോണിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആയുധങ്ങളും വെടിമരുന്നും ഉപേക്ഷിച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ചാംകൗര്‍ സാഹിബില്‍ നിന്ന് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

ഡ്രോണുകള്‍ ഉപയോഗിച്ച് അതിര്‍ത്തി വഴി പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. കൃത്യമായി നിര്‍ദേശിക്കപ്പെട്ട ഇടങ്ങളില്‍ ആയുധം എത്തിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ചുമതലയെന്നും പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.