ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുബൈയ്ക്ക് തിരിക്കും മുമ്പ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തരൂര്‍.
ഖാര്‍ഗെയ്ക്ക് അനുകൂല നിലപാടെടുക്കാന്‍ സംസ്ഥാന ഘടകങ്ങളെ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂര്‍ വ്യക്തമാക്കി. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നില്‍ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നാണ് പ്രസിദ്ധീകരിക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. യുവാക്കള്‍ക്കിടയില്‍ തരൂരിന് പിന്തുണയേറി വരുന്നുണ്ട്. പരസ്യമായി പറയുന്നില്ലെങ്കിലും മുതിര്‍ന്ന പല നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്ന് തരൂര്‍ അവകാശപ്പെട്ടു.