ജയ്പൂര്‍: രാജസ്ഥാനില്‍ വൃദ്ധയുടെ കാല്‍പാദം വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത. കാലിലെ സ്വര്‍ണ പാദസരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം. അതിഗുരുതരമായി പരിക്കേറ്റ വൃദ്ധയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ജയ്പൂരിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഗാള്‍ട്ടയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു വയോധികയെ വീടിന് സമീപം കാല്‍ അറുത്ത് മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.
നിലവില്‍ വയോധിക അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എപ്രകാരമാണ് ഇവര്‍ മോഷ്ടാക്കളുടെ ആക്രമണത്തിന് വിധേയയായതെന്ന് വ്യക്തമല്ല. ക്രൂരകൃത്യത്തിനായി ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. വൈകാതെ തന്നെ മോഷ്ടാക്കള്‍ പിടിയാലാകുമെന്നാണ് ഗാള്‍ട്ട പൊലീസ് പറയുന്നത്.