ഉത്തരേന്ത്യയില്‍ രൂക്ഷമായ മഴക്കെടുതി; ഹരിയാനയില്‍ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു

ഉത്തരേന്ത്യയില്‍ രൂക്ഷമായ മഴക്കെടുതി; ഹരിയാനയില്‍ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഉത്തരേന്ത്യയിലാകെ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി 12 പേര്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങി മരിച്ചു.

മഴവെള്ളം നിറഞ്ഞ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്.
ഡല്‍ഹി ലാഹോറിഗേറ്റില്‍ വീടുതകര്‍ന്ന് നാല് വയസുകാരി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ പത്തു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലും ഉത്തര്‍പ്രദേശിലുമായി ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും അതിരൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ലക്‌നൗ, നോയിഡ, ഗാസിയാബാദ്, കാണ്‍പൂര്‍, ആഗ്ര എന്നിവിടങ്ങില്‍ സ്‌കൂളുകള്‍ക്ക് യുപി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് മൂലം പലയിടങ്ങളിലും ഗതാഗത തടസവും രൂക്ഷമാണ്.

രണ്ടു ദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിലും കര്‍ണാടകയിലും ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും മുന്നിറിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.