സിഡ്നി: ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലയിലുടനീളം പെയ്ത കനത്ത മഴയ്ക്ക് തിങ്കളാഴ്ച നേരിയ ശമനമുണ്ടായെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍, വടക്കന്‍ ഓസ്ട്രേലിയയില്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദം, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം.
അതേസമയം, ഈര്‍പ്പം കൂടുതലുള്ള തെക്കന്‍ മേഖലകളില്‍ നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കാട്ടുതീയ്ക്കുള്ള സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ ശക്തമായ ഇടിമിന്നലിനുള്ള അപകട സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ ഭൂരിഭാഗത്തും ഇടതടവില്ലാതെ പെയ്ത മഴയ്ക്ക് ഇന്നു കുറവുണ്ടായത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതേസമയം, ന്യൂ സൗത്ത് വെയില്‍സിലെ നദികളിലും അണക്കെട്ടുകളിലും വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ആയിരത്തിലധികം പേരാണ് സഹായത്തിനായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചത്. നിരവധി ആളുകളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ മഴ വീണ്ടും പെയ്യുമെന്നാണ് പ്രവചനം.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുളള കാലയളവിലാണ് ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കം, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, ഉഷ്ണതരംഗങ്ങള്‍, കാട്ടുതീ, ശക്തമായ ഇടിമിന്നല്‍ എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യയതയുള്ളത്.
പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസം മൂലം ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് തീവ്രമായ ചുഴലിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുളള സീസണില്‍, കുറഞ്ഞത് 11 ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത 70%-ത്തിലധികമാണ്.
പ്രതികൂല കാലാവസ്ഥ നേരിടാന്‍ ജനങ്ങള്‍ എപ്പോഴും തയാറായിരിക്കണമെന്നും അതിനായി കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തമെന്നും അധികൃതര്‍ അറിയിച്ചു.