സാങ്കേതിക സര്‍വകലാശാല വിസി; രാജശ്രീയെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി

സാങ്കേതിക സര്‍വകലാശാല വിസി; രാജശ്രീയെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് വിധി പറയാനായി മാറ്റി.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ മുന്‍ ഡീന്‍ പി.എസ്. ശ്രീജിത്താണ് നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. 2013 ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2013 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യുജിസിയുടെ അനുമതിയോടെയായിരുന്നു നിയമനമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെന്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടിയിരുന്നത്. എന്നാല്‍ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ചട്ട ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

രാജശ്രീയ്ക്ക് വേണ്ടി അഭിഭാഷകന്‍ പി.വി. ദിനേശാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ ഹാജരായി. അഭിഭാഷകരായ ഡോ.അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവരാണ് ഹര്‍ജിക്കാരന്‍ ശ്രീജിത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.