ന്യൂഡൽഹി: ഇന്ത്യയുടെ ദ്രുത പ്രതികരണ ഉപരിതല- ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ). ഒഡീഷയിലെ ചാന്ദിപൂരിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡി ആർ ഡി ഒ യെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 3: 42 ഓടെയാണ് മിസൈൽ പരീക്ഷിച്ചത്. നവംബർ 13നാണ് മിസൈലിന്റെ പ്രവർത്തന മികവ് ആദ്യം വിലയിരുത്തിയത്. പരീക്ഷണത്തിൽ കൃത്യമായി ലക്ഷ്യം തകർത്തത് വഴി മിസൈൽ അതി പ്രഹരശേഷിയുള്ളതാണെന്ന് വ്യക്തമായിരുന്നു. കൃത്യതയോടെ ലക്ഷ്യത്തെ കണ്ടെത്തി തകർക്കുന്നതിനുള്ള പരീക്ഷണമാണ് ചൊവ്വാഴ്ച നടന്നത്. 30 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാൻ ആവുന്ന മിസൈൽ സംവിധാനം വിജയകരമായി രണ്ടുതവണ പരീക്ഷിച്ചത് വഴി വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനമാണ് ഡി ആർ ഡി ഒ ലക്ഷ്യമിടുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവർ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു.