ചെന്നൈ: തമിഴ്‌നാട്ടില്‍ ശവക്കല്ലറയില്‍നിന്നു പത്തു വയസുകാരിയുടെ തല അജ്ഞാതര്‍ കവര്‍ന്നു. ചെങ്കല്‍പേട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു ഞെട്ടിപ്പിക്കുന്ന സംഭവം. മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ ഇതെന്നാണ് സംശയം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ആറാം ക്ലാസ് വിദ്യാര്‍ഥിനി കൃതികയെന്ന പെണ്‍കുട്ടിയുടെ കല്ലറയിലാണ് സംഭവം. ഈ മാസം അഞ്ചിന് വീടിനു പുറത്തു കളിക്കുമ്പോള്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് കൃതികയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 14നാണ് മരിച്ചത്. സംസ്‌കാരം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണു സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നു മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പറഞ്ഞു. കല്ലറയില്‍ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസിലായത്. ഉടനെ പൊലീസില്‍ പരാതി നല്‍കി.
ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോര്‍ച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി. അപൂര്‍വമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാര്‍. മന്ത്രവാദം ഉള്‍പ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ ശത്രുത കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നു ചിറ്റമൂര്‍ പൊലീസ് പറഞ്ഞു.