ജയ്പുര്‍: വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ മന്‍ഗറില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കാവേയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം.
'വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. ഇത് തിരിച്ചറിയുമ്പോള്‍, അത്തരമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിന്റെ അഭിമാനമാണ് അവര്‍ക്കുണ്ടാവുന്നത്'- ഗെലോട്ട് പറഞ്ഞു.
അതേസമയം, ഗെലോട്ടും താനും മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. 'ഞങ്ങളില്‍ സീനിയറായിരുന്നു അദ്ദേഹം. വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയും അദ്ദേഹമാണ്.'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വേദിയിലുണ്ടായിരുന്നു.
1913 ല്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല ചെയ്ത 1,500 ഓളം ആദിവാസികളുടെ സ്മാരകമാണ് മന്‍ഗര്‍ ധാം രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തി പ്രദേശമായ ബന്‍സ്വാരയിലാണ് സ്ഥിതിചെയ്യുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും വേദി പങ്കിട്ടത്.