ന്യൂഡല്‍ഹി: ചെങ്കോട്ട ആക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇലക്ട്രോണിക് രേഖകള്‍ പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തീരുമാനം.
രണ്ട് സൈനികര്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട ചെങ്കോട്ട ആക്രമണം ഉണ്ടായത് 2000 ലാണ്. കേസില്‍ പ്രതികളില്‍ ഒരാളാണ് ആരിഫ്. ചെങ്കോട്ടയില്‍ പ്രവേശിച്ച ശേഷം ഒരു വിവേചനവുമില്ലാതെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് കേസ്.
ചെങ്കോട്ട ആക്രമണ കേസില്‍ വിചാരണ കോടതി വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്. ഇലക്ട്രോണിക് രേഖകള്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി. കേസില്‍ പ്രതിയുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സുപ്രീം കോടതി, ആരിഫിന്റെ പുനപരിശോധനാ ഹര്‍ജി തള്ളുന്നതായി അറിയിച്ചു.