ഷിംല: ഹിമാചല്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ച്ച നിശബ്ദ പ്രചാരണമാണ്. ശനിയാഴ്ച്ചയാണ് പോളിംഗ്. പ്രചാരണത്തിന്റെ അവസാന ദിവസം, ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും തങ്ങളുടെ ശക്തിപ്രകടനം കാഴ്ച്ചവെച്ചു.
ശനിയാഴ്ച്ച രാവിലെ എട്ട് മുതല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ഡിസംബര്‍ അഞ്ചിന് വൈകിട്ട് 5.30 വരെ എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും ഫലം ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. ഇത് കണക്കിലെടുത്താണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിലക്കുള്ളത്.
ഹിമാചലിലെ 68 അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 43 സീറ്റുകളാണുള്ളത്. 1982 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അധികാരമാറ്റമാണ് കണ്ടത്. 68 സീറ്റിലും കോണ്‍ഗ്രസ്, ബിജെപി മത്സരമാണ്.