ഗുവാഹത്തി: അതിര്‍ത്തി വഴി പത്ത് കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘം പിടിയില്‍. ലഹരിമരുന്ന് പശ്ചിമബംഗാള്‍ അതിര്‍ത്തി വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ അസമില്‍ വെച്ച് പിടികൂടുകയായിരുന്നു. 54,000 മയക്കുമരുന്ന് ഗുളികകളാണ് സംഘം പൊതികളിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പ്രതികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ സമാനമായ രീതിയില്‍ അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തെ പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 513 മയക്കുമരുന്ന് കടത്തുകാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 42.36 കിലോഗ്രാം ഹെറോയിന്‍, 18 കിലോഗ്രാം കറുപ്പ്, 12 കിലോഗ്രാം കഞ്ചാവ്, കറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഒന്‍പത് ക്വിന്റല്‍ പോപ്പി ചെടികളുടെ തോട്, ഫാര്‍മ ഒപിയോയിഡുകളുടെ 74,000 ഗുളികകള്‍, സിറിഞ്ച്, കുപ്പികള്‍ എന്നിവയും 14.80 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു
പിടികൂടിയ എല്ലാവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇവരുടെ കൈവശമുള്ള അനധികൃത പണം തിരിച്ചു പിടിക്കാനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.