ന്യൂഡൽഹി: വിമാന യാത്രയ്ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെ വിമാനയാത്രയിൽ മാസ്ക് നിർബന്ധമെന്ന നിബന്ധന വ്യോമയാന മന്ത്രാലയം ഒഴിവാക്കി.
യാത്രക്കാർ മാസ്ക് വയ്ക്കുന്നത് അഭികാമ്യമാണെങ്കിലും അത് നിർബന്ധമില്ലെന്നാണ് മന്ത്രാലയതിന്റെ നിലപാട്. ഇതുവരെ വിമാനയാത്രയിൽ മാസ്ക് വയ്ക്കുകയോ മുഖം മറയ്ക്കുകയോ ചെയ്യണമെന്ന് നിർബന്ധമായിരുന്നു.
വിമാനക്കമ്പനികൾക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകി. നിലവിൽ ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ വിമാന യാത്രയിൽ മാസ്ക് നിർബന്ധമാക്കേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു.