ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ വീണ്ടും തെരുവിലിറങ്ങുന്നു. കര്‍ഷക സംഘടനകള്‍ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കര്‍ഷക സംഘടനകളുടെ പ്രഖ്യാപനം.
സമരത്തിന്റെ ഭാഗമായി നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. താങ്ങുവില ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്.
ഡല്‍ഹി മാര്‍ച്ചിന്റെ വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം വീണ്ടും തെരുവിലെത്തുന്നത്. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയും സമരത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റേത് നാണം കെട്ട വാഗ്ദാന ലംഘനമെന്നാണ് കര്‍ഷക സംഘടനകളുടെ നേതാക്കള്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്.
താങ്ങുവില ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 2023 ന് ഉള്ളില്‍ താങ്ങു വില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ കൊണ്ട് നടപ്പാക്കിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. സിസംബര്‍ ഒന്നു മുതല്‍ 11 വരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും എംപി, എംഎല്‍എ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.