ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ പാക് വനിതയ്ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു. പ്രതിയായ ഡ്രൈവര്‍ ശ്രീകൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി പാകിസ്ഥാനി വനിത ഡ്രൈവറെ ഹണി ട്രാപ്പില്‍ കുടുക്കുകയായിരുന്നു എന്നാണ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഇന്ന് രാവിലെയാണ് ഡ്രൈവര്‍ ശ്രീകൃഷ്ണയെ അറസ്റ്റ് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിലെ മള്‍ട്ടി ടാസ്‌കിങ് വിഭാഗത്തിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. പൂനം ശര്‍മ്മ എന്നു പേരുള്ള പാക് വനിതയുമായി ഇയാള്‍ക്ക് ബന്ധമുണ്ടന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതിന്.
ഈ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ രഹസ്യരേഖകള്‍ കൈമാറിയതായി കണ്ടെത്തിയത്. പൂനം ശര്‍മ്മ ഐ.എസ്.ഐ. ഏജന്റാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.