ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ എം.ജി സര്‍വകലാശാല സുപ്രീം കോടതിയില്‍.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിലെ കോടതി ഇടപെല്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.ജി സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എം.ജി സര്‍വ്വകലാശാല ഉത്തരവ് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാര്‍ക്ക് ആയിരുന്നു നല്‍കിയിരുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണ് എം.ജി സര്‍വകലാശാല പുതിയ വിജ്ഞാപനം പുറത്തിറക്കിയിരുന്നത്.
സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കും അധ്യാപന അഭിരുചിക്ക് 10 മാര്‍ക്കും ഗവേഷണ അഭിരുചിക്ക് 20 മാര്‍ക്കും വിഷയത്തില്‍ ഉള്ള അറിവിന് 10 മാര്‍ക്കും നല്‍കാം എന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്.
എന്നാല്‍ ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഒരു മാസത്തിനുള്ളില്‍ പുതിയ മാനദണ്ഡം പുറത്തിറക്കാനും എം.ജി സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാല ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.