ഇന്ത്യയിലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും; ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസ് അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ നൂറുകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും; ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസ് അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ചില പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്താന്‍ തയാറെടുക്കുകയാണ് ആമസോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം നൂറോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ആന്റി ജാസിയുടെ നേതൃത്വത്തിലുള്ള ചെലവ് ചുരുക്കല്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഇന്ത്യയിലെ പിരിച്ചുവിടല്‍.

കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്നാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങിയത്. ചില തസ്തികകള്‍ ഇനി ആവശ്യമില്ല എന്നായിരുന്നു ആമസോണ്‍ ഹാര്‍ഡ്വേര്‍ തലവന്‍ ഡേവ് ലിമ്പ് അറിയിച്ചത്.

ഇന്ത്യയിലെ ഫുഡ് ഡെലിവറി സര്‍വീസ് അടുത്ത മാസത്തോടെ ആമസോണ്‍ അവസാനിപ്പിക്കും. ഇതോടെ ഡെലിവറി സര്‍വീസ് നടത്തുന്നവര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വിഗി, സൊമാറ്റോ എന്നിവയോട് മത്സരിക്കാന്‍ 2020 ലാണ് ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസ് ബംഗളൂരു ഉള്‍പ്പടെയുള്ള ചുരുക്കം ചിലയിടങ്ങളില്‍ ആരംഭിച്ചത്.

നേരത്തെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാഡമി നിര്‍ത്തലാക്കുന്നുവെന്നും ആമസോണ്‍ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.