ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധിക്കാനെത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശര്‍മിള റെഡ്ഡി സഞ്ചരിച്ച കാര്‍ പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടുപോയി.
ശര്‍മിള റെഡ്ഡി കാറില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വലിച്ചു കൊണ്ടു പോയത്. ഇതേ തുടര്‍ന്ന് ഹൈദരബാദ് നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പൊലീസ് ശര്‍മിളയോട് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്ആര്‍ തെലങ്കാനപാര്‍ട്ടി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വലിച്ചിഴച്ചപ്പോള്‍ ശര്‍മിള കാറിനുള്ളില്‍ ഇരിക്കുന്നതും അവരുടെ അനുയായികള്‍ കാറിന് പുറകെ ഓടുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം. ഇന്നലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് വൈഎസ് ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപിച്ചത്.