ന്യൂഡല്‍ഹി: സെര്‍വര്‍ ഹാക്കിങിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി. അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബില്ലിങ് തുടങ്ങിയ നടപടികളാണ് പ്രതിസന്ധിയിലായത്. മാന്വല്‍ രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.
സെര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയോളമായി. നാല് കോടിയോളം വരുന്ന ഡല്‍ഹി എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിയാണ് ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസ് ആശുപത്രിയുടെ സെര്‍വറിലുണ്ട്.
കൂടാതെ വാക്‌സീന്‍ പരീക്ഷണത്തിന്റെ നിര്‍ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എയിംസിലെത്തി എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.