നിരോധനം ശരി വച്ച് കര്‍ണാടക ഹൈക്കോടതി; പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി തള്ളി

നിരോധനം ശരി വച്ച് കര്‍ണാടക ഹൈക്കോടതി; പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി തള്ളി

ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് നല്‍കിയ ഹര്‍ജി കര്‍ണാക ഹൈക്കോടതി തള്ളി. കേന്ദ്ര നടപടിയില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

സംഘടനയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നാസിര്‍ അലിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചു വര്‍ഷത്തേക്കു വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് കോടതിയില്‍ വാദിച്ചത്. ഏതെങ്കിലും വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെയാണ് കേന്ദ്ര നടപടിയെന്നും അഭിഭാഷകന്‍ വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.