സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഡെല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഡെല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിയെ വിചാരണ നടപടികളില്‍ നിന്നും ഒഴിവാക്കിയ ഡെല്‍ഹി കോടതി ഉത്തരവിനെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് വന്ന് 15 മാസത്തിനു ശേഷമാണ് ഡെല്‍ഹി പൊലീസിന്റെ നടപടി. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കും. 

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡെല്‍ഹി കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയത്. 176 പേജുള്ള ഉത്തരവില്‍ ആത്മഹത്യ സ്ഥിരീകരിച്ചാല്‍ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഡോക്ടര്‍മാരുടെയും സാക്ഷ്യപ്പെടുത്തലുകളും സുനന്ദയുടെ മരണം ആത്മഹത്യയെന്ന് പറയുന്നില്ല. പിന്നയെങ്ങനെ ആത്മഹത്യ പ്രേരണ കുറ്റത്തിന് ശശി തരൂരിനെ വിചാരണ ചെയ്യാനാകും. ഒരു വിലപ്പെട്ട ജീവന്‍ നഷ്ടമായെങ്കിലും ഇതില്‍ എന്തെങ്കിലും തെളിവുകള്‍ മുന്നോട്ടുവെക്കാനില്ലാത്ത സാഹചര്യത്തില്‍ ക്രിമനല്‍ നടപടി നേരിടണമെന്ന് തരൂരിനെ നിര്‍ബന്ധിക്കാനാകില്ലെന്നും റോസ് അവന്യു കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.