ലഹരിയും അക്രമവും പ്രോത്സാഹിപ്പിക്കരുത്; എഫ്.എം. ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ലഹരിയും അക്രമവും പ്രോത്സാഹിപ്പിക്കരുത്; എഫ്.എം. ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലഹരിയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകളും ഉള്ളടക്കവും ഒഴിവാക്കണമെന്ന് എഫ്.എം. റേഡിയോകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മദ്യം, മയക്കുമരുന്ന്, അക്രമം, കൊള്ള, കുറ്റകൃത്യങ്ങള്‍, തോക്ക് എന്നിവയെയും ഗ്യാങ്സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവല്‍ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ്, മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് എന്നിവയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചില റേഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്.

ഇവ ലംഘിക്കുന്ന ചാനലുകള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുകളെ മഹത്വവല്‍ക്കരിക്കുന്ന ഗാനങ്ങളും പരിപാടികളും കുട്ടികളേയും യുവാക്കളേയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.