ഉത്തർപ്രദേശ്: ഹത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികളേയും സി ബി ഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. അലിഗഢ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ ഗുജറാത്തിലെത്തിച്ചാണ് പരിശോധനയ്ക്ക് വിധേയരാക്കുക. നുണപരിശോധനയ്ക്ക് പുറമേ ബ്രയിൻ മാപ്പിംഗ് ടെസ്റ്റിനും വിധേയമാക്കുമെന്നാണ് വിവരം.
ഇന്നലെ തന്നെ സി ബി ഐ സംഘം പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയതായി അലിഗഢ് ജയിൽ സൂപ്രണ്ട് സ്ഥിരീകരിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ഹത്രാസിലെ ദളിത് പെൺകുട്ടി സെപ്റ്റംബർ 29 നാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ സംസ്കരിച്ച് ഉത്തർപ്രദേശ് പോലീസിന്റെ നടപടി വിവാദമായിരുന്നു.
സംഭവത്തിൽ യുപി സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. കഴിഞ്ഞമാസമാണ് സി ബി ഐ കേസ് ഏറ്റെടുത്തത്.