നാഗ്രോട്ടാ ഏറ്റുമുട്ടൽ: തീവ്രവാദികൾ നുഴഞ്ഞു കയറാൻ ഉപയോഗിച്ച തുരങ്കം കണ്ടെത്തി

നാഗ്രോട്ടാ ഏറ്റുമുട്ടൽ: തീവ്രവാദികൾ നുഴഞ്ഞു കയറാൻ ഉപയോഗിച്ച തുരങ്കം കണ്ടെത്തി

ജമ്മു- കശ്മീർ: നാഗ്രോട്ടയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന തുരങ്കം കണ്ടെത്തി. തീവ്രവാദികൾ കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് അതിർത്തി രക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ തുരങ്കം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരും ഇന്ത്യയിലേക്ക് കടന്നത് വിവിധയിടങ്ങളിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ്. ഇതിനായി ഇവർക്ക് പരിശീലനം നൽകിയത് പഠാൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ കാസിം ജാനാണ്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അസ്ക്കർ റൗഫിന്റെ കീഴിലാണ് കാസിമിന്റെ പ്രവർത്തനം എന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

രാജ്യാന്തര അതിർത്തിക്ക് സമീപത്താണ് തുരങ്കം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 160 മീറ്ററും അതിർത്തി വേലിയിൽ നിന്ന് 70 മീറ്ററും അകലെയാണ് തുരങ്കം. തുരങ്കം വഴി രാജ്യത്ത് കടന്ന് ട്രക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരവാദികളെ ജമ്മു - ശ്രീനഗർ ദേശീയപാതയിൽ വെച്ച് നാഗ്രോട്ടയിലെ ടോൾ പ്ലാസക്ക് സമീപം സുരക്ഷാ സേന കൊലപ്പെടുത്തിയത്. ഇവരിൽ നിന്നും ആയുധ ശേഖരവും കണ്ടെടുത്തിരുന്നു. മുംബൈ ഭീകര ആക്രമണ വാർഷിക ദിനം വരാനിരിക്കെ രാജ്യത്ത് വൻ ആക്രമണം നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.