തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനസംഘടന; ഉദയ നിധി സ്റ്റാലിന്‍ മന്ത്രി സഭയിലേക്ക്

തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനസംഘടന; ഉദയ നിധി സ്റ്റാലിന്‍ മന്ത്രി സഭയിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെ. യുവജന വിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിനെ ഉള്‍പ്പെടുത്തി മന്ത്രി സഭാ പുനസംഘടന. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ ബുധനാഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യും.

ഇതു സംബന്ധിച്ച് ഡിഎംകെയില്‍ ധാരണയിലെത്തിയിട്ടുണ്ട്. യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണ. അധികാര കൈമാറ്റത്തിന്റെ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെയുടെ നിര്‍ണായക തീരുമാനം.

ഇതോടെ സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.

ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഉദയനിധി ഇല്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചിരുന്നു.

കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ചിന്നവറുടെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി. മെയ്യനാഥന്‍, പെരിയസ്വാമി, കെ. രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.