ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍: ഉന്നതതല യോഗം തുടങ്ങി

ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍: ഉന്നതതല യോഗം തുടങ്ങി

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ പശ്ചാത്തലത്തില്‍ ഉന്നതതല സൈനിക യോഗം തുടങ്ങി.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, സംയുക്ത സൈനിക മേധാവി അമില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ടെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരി. കുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നേരത്തെ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയിരുന്നു.

അരുണാചലിലെ തവാംഗ് സെക്ടറില്‍ വെള്ളിയാഴ്ചയാണ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് വന്ന ചൈനീസ് സൈനികരെ ഇന്ത്യ തടയുകയായിരുന്നു.

ഏറ്റുമുട്ടലില്‍ ഇരുവശത്തുമുള്ള ഏതാനും സൈനികര്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചു. ഇരുവിഭാഗവും ഉടന്‍തന്നെ പ്രദേശത്ത് നിന്ന് പിന്മാറി. ചൈനയുടെ പ്രകോപനത്തിന് തിരിച്ചടി നല്‍കിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.