ദുബായ് : ഡ്രൈവിംഗ് ലൈസന്‍സ് കൂടാതെ ഡെലിവറി റൈഡർമാർക്ക് യോഗ്യത സർട്ടിഫിക്കറ്റുകൂടി നിർബന്ധമാക്കി ദുബായ്റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഡെലിവറി റൈഡർമാരുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനവും മെച്ചപ്പെടുമെന്നും ആർടിഎ അറിയിച്ചു. ആർടിഎയുടെ വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യോഗ്യത സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. സുരക്ഷ, ബൈക്കുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ സംബന്ധിച്ച ബോധവല്‍ക്കരണമാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
സേവനമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തത്തില്‍ സഹകരിക്കണമെന്ന് ഡെലിവറി മേഖലയില്‍ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളോടും ആർടിഎ ആഹ്വാനം ചെയ്തു. ആർടിഎയുടെ അംഗീകാരമുളള 9 ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നില്‍ കമ്പനികള്‍ റൈഡർമാരെ രജിസ്ട്രർ ചെയ്യണം. നിബന്ധനകള്‍ പാലിക്കാത്ത കമ്പനികള്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും ആർടിഎ മുന്നറിയിപ്പ് നല്‍കി.