ദില്ലി: കോവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലന്ന് മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി ,കേരളം, മഹാരാഷ്ട്ര ,ഗുജറാത്ത്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി യോഗം നടത്തുന്നത്. രണ്ട് യോഗങ്ങളാണ് ഇന്ന് ചേരുന്നത്.
10.30ന് ആരംഭിച്ച് ആദ്യ യോഗത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. കോവിഡ് വാക്സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പി എം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി കുടിശിക ഉടന്‍ ലഭ്യമാക്കണമെന്ന് കേരളവും പശ്ചിമബംഗാളും യോഗത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ച രണ്ടാമത്തെ യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദർ സിംഗ് പങ്കെടുത്തില്ല.