ന്യൂഡല്‍ഹി: ചൈനയില്‍ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തി. ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയില്‍ കണ്ടെത്തിയത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന ആരംഭിച്ചു. ഗുജറാത്തിലെ രണ്ട് രോഗികള്‍ക്കും ഒഡീഷയില്‍ ഒരാള്‍ക്കും ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേര്‍ന്നിരുന്നു.
കോവിഡിനെതിരെ പൂര്‍ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരാനും പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.