രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

രാജ്യത്ത് കോവിഡ്  സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ചൈനയില്‍ കോവിഡ് സാഹചര്യം രൂക്ഷമാകുന്നതിന് കാരണമായ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിലും ഒഡീഷയിലും രണ്ട് വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് കൂടി വേണ്ടിയാണ് പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചത്.

നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുക, വാക്സിനേഷനും കോവിഡ് പരിശോധനയും വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും അതാത് മുഖ്യമന്ത്രിമാര്‍ കോവിഡ് അവലോകന യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ ബിഎഫ് 7, ബിഎഫ് 12 വകഭേദങ്ങള്‍ ബാധിച്ചവര്‍ ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചതായാണ് വിവരം. ഇവരെ വീട്ടില്‍ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്.

നിലവില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും തിരക്കേറിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രോട്ടോക്കോള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്ന് എത്തുന്നവരില്‍ സ്രവ പരിശോധന നടത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.