ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കേന്ദ്രം. പരിശോധന കൂട്ടിയതിന്റെ വര്‍ധനവാണ് നിലവില്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച 201 കേസുകളും വ്യാഴാഴ്ച 163 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ വെള്ളിയാഴ്ച മാത്രം 38 പുതിയ കേസുകളുടെ വര്‍ധനയുണ്ടായി. ബുധനാഴ്ച 185 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.
അതേസമയം മൂന്ന് ദിവസങ്ങളിലായി രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 11 മരണം മാത്രമാണ്. ഇതില്‍ ഏഴും കേരളത്തിലാണെങ്കിലും ഇവ നേരത്തെയുണ്ടായ കോവിഡ് മരണങ്ങള്‍ കണക്കില്‍പെടുത്തിയതാണ്. പുതിയ മരണങ്ങളുണ്ടായതു മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മാത്രം.
കോവിഡ് സാഹചര്യത്തില്‍ ചൈന ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിവാര സ്ഥിരീകരണ നിരക്ക് ഇപ്പോഴും 0.14% ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിനു മുകളിലേക്കു പോയാല്‍ മാത്രമേ അപകട സാഹചര്യമുള്ളൂ. കോവിഡ് ആശങ്ക വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, ഓക്‌സിജന്‍ സിലിണ്ടറുകളുടെയും വെന്റിലേറ്റുകളുടെയും ലഭ്യത പരിശോധിച്ചുറപ്പാക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.