സമൂഹമാധ്യമങ്ങള്‍ വഴിയുളള വില്‍പനയ്ക്ക് ലൈസന്‍സ് നിർബന്ധമാക്കി ഒമാന്‍

സമൂഹമാധ്യമങ്ങള്‍ വഴിയുളള വില്‍പനയ്ക്ക് ലൈസന്‍സ് നിർബന്ധമാക്കി ഒമാന്‍

മസ്കറ്റ്: സമൂഹമാധ്യമങ്ങള്‍ വഴിയുളള വില്‍പനയ്ക്ക് ലൈ‍സന്‍സ് നിർബന്ധമാക്കി ഒമാന്‍. ഉപഭോക്താക്കളെയും വ്യാപാരികളെയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. വാണിജ്യ-വ്യവസായ-നിക്ഷേപ-പ്രോത്സാഹന മന്ത്രാലയത്തിന്‍റെ വാണിജ്യ കാര്യ, ഇലക്ട്രോണിക് ട്രേഡ് വകുപ്പിൽനിന്നാണ് ലൈസൻസ് നല്‍കുന്നത്. ലൈസന്‍സ് ലഭിക്കുന്നതിനുളള നിബന്ധനകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുശേഷം നിയമം പ്രാബല്യത്തില്‍ വരും.

അതേസമയം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർക്ക് ലൈസന്‍സ് നിർബന്ധമല്ല. മൂന്നുവർഷത്തേക്കാണ് ലൈസന്‍സ് നല്കുന്നത്. ഇ മാർക്കറ്റിംഗിനും പ്രമോഷനുമാണ് ലൈസന്‍സിലൂടെ അനുമതി നല്‍കുന്നത്. മൂന്ന് വർഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന രീതിയിലാണ് ലൈസന്‍സ് നല‍്കുക. എന്നാല്‍ മതങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്താതിരിക്കുന്നതടക്കമുളള കാര്യങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

മറ്റ് നിബന്ധനകള്‍

രാജ്യത്തിന്‍റെ നിയമവ്യവസ്ഥ, സാംസ്കാരിക പൈതൃകങ്ങള്‍, തീരുമാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ബഹുമാനിക്കണം.ദു​രു​ദ്ദേ​ശ്യ​പ​ര​മോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്​. ലഹരി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. വ്യവസ്ഥകള്‍ ലംഘിക്കുന്നവർക്ക് 1000 റിയാലില്‍ കവിയാത്ത പിഴ കിട്ടും.നിയമലംഘനത്തിന്‍റെ വ്യാപ്തി അനുസരിച്ച് ലൈസന്‍സ് സസ്പെന്‍ഷും റദ്ദാക്കലും നേരിടേണ്ടിവരുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.