ഇ.പിയ്ക്കെതിരായ ആരോപണം പി.ബി ചര്‍ച്ച ചെയ്തില്ല; കേരളാ ഘടകം തീരുമാനമെടുക്കും: സീതാറാം യെച്ചൂരി

ഇ.പിയ്ക്കെതിരായ ആരോപണം പി.ബി ചര്‍ച്ച ചെയ്തില്ല; കേരളാ ഘടകം തീരുമാനമെടുക്കും: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഇ.പി ജയരാജനുമായി ബന്ധപ്പെട്ട റിസോട്ട് വിവാദത്തില്‍ സിപിഎമ്മിന്റെ കേരള ഘടകം തീരുമാനമെടുക്കുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ കേരളാഘടകം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.പി ജയരാജനെതിരായ സാമ്പത്തികാരോപണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോളിറ്റ് ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. കേരളത്തിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ശേഷി കേരള ഘടകത്തിനുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം അവര്‍ എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ഇ.പി വിഷയത്തില്‍ കരുതലോടെ മുന്നോട്ടു പോകണമെന്നും പൊതു സമൂഹത്തില്‍ വിവാദവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചര്‍ച്ചകളുണ്ടാകരുതെന്നുമുള്ള നിര്‍ദേശം പി.ബി കേരള ഘടകത്തിനു നല്‍കി. പാര്‍ട്ടി വിഭാഗീയതയിലേക്കു നീങ്ങുന്നത് തടയണമെന്ന നിര്‍ദ്ദേശവും നല്‍കി. വിവാദവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചകള്‍ ആവശ്യമെങ്കില്‍ അത് പിന്നീടാകാമെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു.

ജനുവരി 28, 29 തിയതികളില്‍ കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരും. ഇതില്‍ തെറ്റുതിരുത്തല്‍ രേഖയുള്‍പ്പെടെ ചര്‍ച്ചയാകും. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ അപ്പോള്‍ ചര്‍ച്ച നടത്താമെന്നാണ് പി.ബി നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.