ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവിന്റെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് വീണ്ടും മരണം. ഗുണ്ടൂരില്‍ ഞായറാഴ്ച നടന്ന റാലിയിലാണ് സംഭവം. മൂന്നു പേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. മകരസംക്രാന്തി ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തിന് മുന്‍പുതന്നെ ചന്ദ്രബാബു നായിഡു വേദി വിട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ടിഡിപിയുടെ റോഡ് ഷോയ്ക്കിടെ ഡ്രെയ്‌നേജ് കനാലില്‍ വീണ് രണ്ട് വനിതകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കന്‍ഡുക്കൂരില്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് ദുരന്തമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് പങ്കെടുത്തത്.
ചന്ദ്രബാബു നായിഡു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ പരസ്പരം തിക്കി തിരക്കി. ഇതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് ആന്ധ്രാ പൊലീസ് പറഞ്ഞു.തിരക്കില്‍പ്പെട്ട് ഞെരുങ്ങിയപ്പോള്‍ ചിലര്‍ ഓടയിലേക്ക് ഉള്‍പ്പെടെ വീഴുന്ന സ്ഥിതിയുണ്ടായി. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ റാലിയില്‍ പങ്കെടുക്കാനെത്തിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ടിഡിപി റാലിക്കിടെ മരിച്ചവരുടെ എണ്ണം 11 ആയി.